ആലുവ: വിവിധ നിറങ്ങളിലുള്ള പുട്ടുകളും വിഭവങ്ങളും കൊണ്ട് ഓണവർണക്കളം ഒരുക്കി ആലുവ സ്വദേശിനി. ആലുവ നസ്രത്ത് കുടിലിൽ രമ രമണിയുടെ നേതൃത്വത്തിലാണ് വീടിന്റെ സ്വീകരണമുറിയിൽ ഒരുമീറ്റർ വിസ്തൃതിയിൽ ഓണം എത്തും മുമ്പേ വർണപ്പുട്ടുകൾ കൊണ്ട് കളം ഒരുക്കിയത്.
ചിരട്ടയിലും കുറ്റിയിലുമായി അരി, റാഗി, ഗോതമ്പ്, ചെമ്പാവ് പൊടികൾ ഉപയോഗിച്ചാണ് പുട്ടുകൾ നിർമിച്ചത്. കൂടുതൽ വൈവിധ്യം നിറങ്ങളിൽ ലഭിക്കാൻ ക്യാരറ്റ്, ബീറ്റ്റൂട്ട്, ചീരയില എന്നിവ അരച്ചെടുത്ത് പൊടിയിൽ ചേർത്തു. കടല, ചെറുപയർ കറികളുമുണ്ടാക്കി.
വാഴയിലയിലാണ് വൃത്തത്തിൽ വർണപ്പുട്ടുകൾ നിരത്തിയത്. ചെറിയ പാത്രങ്ങളിൽ കടല, പയർ കറികളും വച്ചു. ഇടയിലെ സ്ഥലങ്ങളിൽ പുട്ടുപൊടി നിറച്ചു. കളത്തിന് ചുറ്റും പപ്പടവും പഴവും കൊണ്ട് അലങ്കരിച്ചു. 50 ലേറെ ചിരട്ടപ്പുട്ടും 12 കുറ്റിപ്പുട്ടുകളും രണ്ട് മണിക്കൂർ കൊണ്ടാണ് നിറച്ചത്.
വ്യത്യസ്തതയ്ക്കാണ് പുട്ടുകളം പരീക്ഷിച്ചതെന്ന് രമ രമണി പറയുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പിന്തുണച്ചു. പുക്കാട്ടുപടിയിൽ പവർജീൻ സോളാറിന്റെ ഫ്രാഞ്ചൈസി നടത്തുകയാണ് രമ രമണി.